ഇറാന്റെ ദേശീയ ടെലിവിഷനായ
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്താണ് ഇസ്രയേല്‍
ബോംബിട്ടത്. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തെ തുടര്‍ന്ന്
കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക കസേരയില്‍നിന്ന് എഴുന്നേല്‍ക്കുന്നതും ദൃശ്യത്തില്‍
കാണാം. ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തു.
ആക്രമണത്തെ തുടര്‍ന്ന് ഐആര്‍ഐബി ന്യൂസ് നെറ്റ്‌വര്‍ക്കില്‍ തത്സമയ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം സാധാരണ നിലയിലായി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഐആര്‍ഐബിയുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ബോംബിടുകയായിരുന്നുവെന്നാണ് ഇസ്രേയല്‍ വ്യോമസേന അറിയിക്കുന്നത്.
അതേസമയം ഇറാൻ ജനതയുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശത്രുവിന്റെ കുടില നീക്കമാണിതെന്ന് ഇറാൻ ടിവി വ്യക്തമാക്കി. നേരത്തെ തെഹ്‌റാനിലെ മൂന്നു കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.