ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്‌റാനില്‍നിന്ന് എല്ലാവരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്.
എല്ലാവരും എത്രയുംപെട്ടെന്ന് ടെഹ്‌റാനില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ഇറാന് ആണവായുധം കൈവശംവെയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
വടക്കുകിഴക്കന്‍ ടെഹ്‌റാനില്‍നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയുള്ളതിനാലാണ് ഇസ്രയേല്‍ ടെഹ്‌റാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനുപിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപും ടെഹ്‌റാനില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതിനിടെ, കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി ഡൊണാള്‍ഡ് ട്രംപ് ഒരുദിവസം മുന്‍പേ മടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ അദ്ദേഹം ശ്രമങ്ങള്‍ നടത്തുമെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചകോടിയില്‍നിന്ന് ട്രംപ് നേരത്തെ മടങ്ങുന്നത് പോസീറ്റിവായ നീക്കമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു.