അഹ്മദാബാദ്: ഇന്ത്യൻ വ്യോമയാന
ചരിത്രത്തിലെ ഏറ്റവും വൻ ദുരന്തങ്ങളിലൊന്നായി മാറിയ അപകടത്തിൽ എയർ ഇന്ത്യയുടെ ഡ്രീംലൈനർ
വിമാനം അഹ്മദാബാദിൽ തകർന്നുവീണതോടെ, അതിലുണ്ടായിരുന്ന
242 പേരും മരിച്ചു എന്ന് പോലീസ് സ്ഥിരീകരിച്ചു. വിമാനത്തിൽ 232 യാത്രക്കാർക്കും
10 ജീവനക്കാർക്കുമാണ് ജീവൻ നഷ്ടമായത്.
അപകടത്തിൽ ഗുജറാത്ത് മുൻ
മുഖ്യമന്ത്രി വിജയ് രൂപാണിയും ഒരു മലയാളി യുവതിയും ഉൾപ്പെടെയുള്ളവരാണ് ജീവൻ നഷ്ടപ്പെട്ടത്.
യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരും, 53 പേർ ബ്രിട്ടീഷ് പൗരന്മാരും,
7 പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമാണ്. സർദാർ
വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.17ന് ലണ്ടനിലേക്ക്
പറന്ന AI
171 എന്ന ഫ്ലൈറ്റ് മിനിറ്റുകൾക്കകം തകർന്നുവീഴുകയായിരുന്നു.
മെഹാലി നഗറിൽ എം.ബി.ബി.എസ് ഡോക്ടർമാരുടെ ഹോസ്റ്റലിന്മേലെയാണ് വിമാനം തകർന്നത്. അഞ്ച്
വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു.
വിമാനം പറന്നുയർന്ന ഉടനെ 'മേയ്ഡേ കാൾ' എന്നറിയപ്പെടുന്ന അപായ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് നൽകിയിരുന്നു. എയർ ട്രാഫിക് കൺട്രോളിൽ തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം സാധ്യമായില്ല. 11 വർഷം പഴക്കമുള്ള ബോയിങ്
787 വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് ഉയർന്ന തീപിടിത്തവും ശക്തമായ
സ്ഫോടനവും അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചുവെന്നും
കൂടുതൽ വിവരങ്ങൾ എയർ ഇന്ത്യ അവരുടെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.