ഗസ്സയില്‍ ഉടൻ വെടിനിർത്താമെന്ന്
ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അടുത്തയാഴ്ച ഇസ്രായേൽ
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പാണ്
ട്രംപിന്റെ പ്രഖ്യാപനം.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ട്രംപ് വൈറ്റ്
ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച നെതന്യാഹു യുഎസിലെത്തുമെന്നാണ് സൂചന.ഗസ്സയിൽ
60 ദിവസത്തെ വെടിനിർത്തൽ അന്തിമമാക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായും
ഹമാസിനോട് ഈ നിർദേശം അംഗീകരിക്കാൻ ആവശ്യപ്പെടുന്നതായും ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ്
ട്രംപിന്റെ പ്രഖ്യാപനം. എന്നാല്‍ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് പറയുന്നില്ല.വെടിനിർത്തലിന്
ഇസ്രായേൽ പൂർണ്ണമായും തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭയിലെ
ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ പറഞ്ഞു. എന്നാല്‍ നിർദ്ദിഷ്ട കരാറിലെ വ്യവസ്ഥകൾ ഹമാസ്
അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.
ഏകദേശം 50 ഇസ്രായേലി ബന്ദികൾ ഇപ്പോഴും ഗസ്സയിലുണ്ടെന്നും അവരിൽ കുറഞ്ഞത് 20 പേരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നുമാണ് കരുതപ്പെടുന്നത്. അതേസമയം ഗസ്സയിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 109 പേര്‍ കൊല്ലപ്പെട്ടു. ഇതിൽ 28 പേർ ഭക്ഷണപ്പൊതികൾക്കായി കാത്തിരിക്കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.