ദോഹ: പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സലാം മോങ്ങം ഖത്തറിൽ. ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആൽ മഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്ററിന്റെ (ഫനാർ) അതിഥിയായാണ് അദ്ദേഹം ദോഹയിലെത്തിയത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫനാർ പ്രതിനിധികളും ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ പ്രവർത്തകരുമടങ്ങിയ സംഘം അബ്ദുസ്സലാം മോങ്ങത്തിനെ ഊഷ്മളമായി സ്വീകരിച്ചു.
ഏപ്രിൽ 18-ന് വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഫനാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ദോഹ സന്ദർശനം.
തുടർന്ന് ഏപ്രിൽ 17-ന് വ്യാഴാഴ്ച ഇശാ നമസ്‌കാരത്തിന് ശേഷം ബിൻ മഹ്മൂദ് ഈദ് ഗാഹ് മസ്ജിദിലും, 19-ന് ശനിയാഴ്ച ഇശാ നമസ്‌കാരത്തിന് ശേഷം നുഐജിലെ അലി ബിൻ അലി മസ്ജിദിലുമാണ് അബ്ദുസ്സലാം മോങ്ങം പ്രഭാഷണം നടത്തുക.
ഇസ്‌ലാമിക സന്ദേശങ്ങൾ അനുഗ്രഹീതമായ ശൈലിയിൽ പങ്കുവെക്കുന്ന മോങ്ങത്തിന്റെ പ്രഭാഷണം ഖത്തറിലെ മലയാളി വിശ്വാസി സമൂഹം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.