ദോഹ: ഖത്തറിൻ്റെ വളർച്ചയുടെ ബാല്യവും വികസനക്കുതിപ്പും അനുഭവിച്ച 47 വർഷം നീണ്ട പ്രവാസത്തിന് വിരാമമിട്ട് കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ കരീം കെ.വി നാട്ടിലേക്ക് മടങ്ങി. 1978ൽ ഖത്തറിലെത്തിയ കരീം, 1980 മുതൽ 2024 വരെ സർക്കാർ സ്ഥാപനമായ കഹ്റമയിലാണ് സേവനമനുഷ്ഠിച്ചത്.
സാമൂഹിക, ജീവകാരുണ്യ, സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമാകാൻ സാധിച്ചതിന്റെ ധന്യതയിലാണ് അദ്ദേഹം ഖത്തറിനോട് വിട ചൊല്ലുന്നത്.
കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് വിപുലമായ ജീവകാരുണ്യ-പുനരധിവാസ പദ്ധതികൾ നടപ്പാക്കിവരുന്ന 'കുറ്റ്യാടി മുസ്‌ലിം വെൽഫെയർ സൊസൈറ്റി ഖത്തർ' കൂട്ടായ്മ രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. 1982 മുതൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രവർത്തകനാണ്. സി.ഐ.സിയുടെ അൽബിദാ, ഷാരാ ഖലീജ്, ഫരീഖ് അബ്ദുൽ അസീസ്, മഅമൂറ, ദഫ്ന യൂനിറ്റുകളിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിക്കുകയുണ്ടായി.
നിസ്വാർത്ഥ സേവനങ്ങളിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും വലിയ സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാനായതിൻ്റെ ആത്മനിർവൃതിയിൽ,
47 വർഷത്തിന്റെ അവിസ്മരണീയ അനുഭവങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച്, അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങി.വിവിധ കൂട്ടായ്മകൾ അബ്ദുൽ കരീമിന് യാത്രയയപ്പ് നൽകി. സി.ഐ.സി ദഫ്ന യൂണിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ പ്രസിഡൻറ് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് മജീദ്, ഹാറൂൻ റശീദ്, ശുഐബ് തുടങ്ങിയവർ ആശംസ നേർന്നു.സി.ഐ.സി മദീന ഖലീഫ സോൺ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി സുഹൈൽ തലക്കൽ മെമന്റോ കൈമാറി. മുജീബ് റഹ്‌മാൻ പി. പി, മുഹമ്മദ് ജമാൽ, മുഫീദ് ഹനീഫ, അബ്ദുസ്സമദ് തുടങ്ങിയവർ സംബന്ധിച്ചു.