ദോഹ: മജെസ്റ്റിക് മലപ്പുറം പ്രീമിയർ ലീഗ് സീസൺ 2വിൽ ഫൈനൽ പോരാട്ടത്തിൽ കെഎംസിസി മാറഞ്ചേരിയെ പരാജയപ്പെടുത്തി ബ്ലാക്ക് ക്യാറ്റ് ചാമ്പ്യന്മാരായി. ഖത്തർ ഫൌണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബ്ലാക്ക് ക്യാറ്റ് ആദ്യ ഇന്നിംഗിസിൽ റാഷിക്കിന്റെ (19 ബാളിൽ 33 റൺസ്) ബാറ്റിംഗ് കരുത്തിൽ 6 ഓവറിൽ 51 നു 4 വിക്കറ്റ് എന്ന ബേധപെട്ട സ്കോർ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കെഎംസിസി മാറഞ്ചേരിക്ക് ഓപ്പണിങ് ബാറ്റർ റിയാസ് എംകെ (18 ബാളിൽ 20 റൺസ്) മികച്ച തുടക്കം നൽകിയെങ്കിലും 6 ഓവറിൽ 46 നു 2 വിക്കറ്റിൽ ഇന്നിംഗ്സ് അവസാനിച്ചു. 5 റൺസിന്റെ ഉജ്വല വിജയം സ്വന്തമാക്കിയ ബ്ലാക്ക് ക്യാറ്റ് എം പി എൽ സീസൺ 2 വിന്റെ ചാമ്പ്യന്മാരായി.
ടൂർണമെന്റിലെ മികച്ച താരമായി CRICS എരമംഗലത്തിന്റെ ലാലുവിനെയും, മികച്ച ബാറ്ററായി റാഷിക്ക് (ബ്ലാക്ക് ക്യാറ്റ്) നെയും, മികച്ച ബൗളർ ആയി റിയാസ് എംകെ (കെഎംസിസി മാറഞ്ചേരി) യെയും തിരഞ്ഞെടുത്തു. 6 ദിവസം നീണ്ടു നിന്ന ക്രിക്കറ്റ് മാമാങ്കത്തിനാണ് വ്യാഴ്ച തിരശീല വീണത്. ആറ് ദിവസങ്ങളിലായി 15 ടീമുകളിലൂടെ 200 ഓളം താരങ്ങൾ പങ്കെടുത്ത ടൂർണമെന്റ് ക്രിക്കറ്റ് സൗഹൃദത്തിന്റെ മലപ്പുറം പെരുമയായി.