ദോഹ: ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന് 24 ന് ദോഹ സ്പോർട്സ് സ്റ്റേഡിയത്തിൽ തുടക്കമാവും. കഴിഞ്ഞ ദിവസം വെസ്റ്റിൻ ഹോട്ടലിൽ സംഘടിപ്പിച്ച ടൂർണമെന്റ് ലോഞ്ചിങ് സെറിമണിയോട് അനുബന്ധിച്ചു നടന്ന വാർത്താ സമ്മേളനത്തിലാണ് സംഘാടകർ ഇക്കാര്യമറിയിച്ചത്.
ഏറെ പുതുമകളുമായാണ് ഈ വർഷത്തെ ഖിയ ചാമ്പ്യൻസ് ലീഗ് നടത്തപ്പെടുന്നത്. 3 വ്യത്യസ്ത ടൂർണമെന്റുകളാണ് ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ പന്ത്രണ്ട് വര്ഷങ്ങളായി നടന്നു വരുന്ന സീനിയർ ചാമ്പ്യൻസ് ലീഗിന് പുറമെ 40 വയസ്സിനു മുകളിൽ ഉള്ളവർക്കുള്ള മാസ്റ്റേഴ്സ് ലീഗ്, അണ്ടർ 14 ആൺകുട്ടികളുടെ ജൂനിയർ ചാമ്പ്യൻസ് ലീഗ് എന്നിവയാണ് പുതിയ രണ്ടു ഫോർമാറ്റുകൾ. പത്രസമ്മേളനത്തിൽ ഖിയ ജനറൽ സെക്രട്ടറിയും ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് ഹെഡുമായ രഞ്ജിത് രാജു പറഞ്ഞു.
ടൂർണമെന്റ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മിബു ജോസ്, ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർമാരായ അൽ വഹ കാർസ് കൈയ് ബ്രാൻഡ് ജനറൽ മാനേജർ ആൻഡ്രൂ പാൽമെർ, ഖിയ പ്രസിഡന്റ് അബ്ദുറഹീം, ടൂർണമെന്റ് കോഓർഡിനേറ്റർ സഫീർ എന്നിവർ സംസാരിച്ചു.
വിവിധ കമ്പനികളെ പ്രതിനിധികരിച്ച് എത്തിയ സ്‌പോൺസർമാർ , ടീമുകൾ, മീഡിയാ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ലോഞ്ചിങ് സെറിമണിയിൽ അൽ വഹ കാർസ് കൈയ് ബ്രാൻഡ് ടൂർണമെന്റിന്റെ ടൈറ്റിൽ പാർട്ണർമാരായി പ്രഖ്യാപിച്ചു. ഓട്രോൾ ടെക്നോളോജിസ് പ്ലാറ്റിനം പാർട്ണർമാരായപ്പോൾ, കാസിൽ ഗ്രൂപ്പ്, ഹോട്ട് ആൻഡ് കൂൾ, ഇസുസു ജൈദ ഗ്രൂപ്പ് എന്നിവർ ഡയമണ്ട് പാർട്ണർമാരായി. ദോഹയിലെ പ്രമുഖരായ നിരവധി മറ്റു കമ്പനികളും ടൂര്ണമെന്റുമായി ധാരണാപത്രം ഒപ്പുവെച്ചു.
തുടർന്ന് ഖിയ പ്രസിഡന്റ് അബ്ദുറഹീം അധ്യക്ഷനായ ഉത്ഘാടന സെഷൻ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി , വൈഭവ് തണ്ഡലേ ഉത്ഘാടനം ചെയ്തു. ഐ എസ് സി പ്രസിഡന്റ് ഇപി അബ്ദുറഹ്മാൻ, ഐ സി സി പ്രസിഡന്റ് ഷാനവാസ് ബാവ, ആൻഡ്രൂ പാൽമാർ, സൈം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ മന്ത്രാലയങ്ങളെ പ്രതിനിധീകരിച്ചു മുഹമ്മദ് ഹുസ്സൈൻ അൽ എമാദി, ഫായിസ്, താമർ എന്നിവർക്ക് പുറമെ നിരവധി കമ്മ്യൂണിറ്റി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.