ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം; ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ് 2026’ന് തുടക്കം
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം; ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ് 2026’ന് തുടക്കം

ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരം, ഭക്ഷ്യവൈവിധ്യം, പാരമ്പര്യം, കരകൗശലം എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക ആഘോഷമായ ‘ഇന്ത്യ ഉത്സവ് 2026’ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു. ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലുടനീളം നടക്കുന്ന ആഘോഷം ഓഗസ്റ്റ് 21 വരെ തുടരും.



ലുലു ഹൈപ്പർമാർക്കറ്റ് അൽ ഗറാഫയിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ എംബസി ചാർജെ ഡി അഫയേഴ്സ് സന്ദീപ് കുമാറും ലുലു ഗ്രൂപ്പ് ഡയറക്ടറും സിഎസ്ഒയുമായ ഡോ. മുഹമ്മദ് അൽത്താഫും ചേർന്ന് ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ ഇന്ത്യൻ സംഘടനാ നേതാക്കൾ, ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF), ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം മുതൽ തെരുവുഭക്ഷണം, കല, പാരമ്പര്യം, വസ്ത്രങ്ങൾ എന്നിവ വരെ ഒരുമിച്ച് അവതരിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യ ഉത്സവ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ദീർഘകാല സൗഹൃദവും സാംസ്കാരിക ബന്ധവും ജനങ്ങൾ തമ്മിലുള്ള അടുപ്പവും ആഘോഷിക്കുന്ന വേദി കൂടിയാണ് ഇന്ത്യ ഉത്സവ്.



ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ, വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കൾ, പഴം-പച്ചക്കറികൾ, പരമ്പരാഗത മധുരപലഹാരങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങളും ജനപ്രിയ ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകളും ലഭ്യമാക്കുന്ന ലൈവ് ഹോട്ട് ഫുഡ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി പരമ്പരാഗതവും ആധുനികവുമായ ഇന്ത്യൻ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവും ഉത്സവത്തിന്റെ ഭാഗമാണ്.



മില്ലറ്റുകളും മില്ലറ്റ് അധിഷ്ഠിത ബേക്കറി ഉൽപ്പന്നങ്ങളും പ്രത്യേകമായി അവതരിപ്പിക്കുന്നുണ്ട്. വിവിധതരം ബിരിയാണികൾ, കറികൾ, തെരുവുഭക്ഷണങ്ങൾ, പരമ്പരാഗത മധുരപലഹാരങ്ങൾ തുടങ്ങി ഇന്ത്യൻ പാചകപാരമ്പര്യത്തിന്റെ വൈവിധ്യം ആസ്വദിക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും.



ഇന്ത്യ ഉത്സവിനോടനുബന്ധിച്ച് ഖത്തർ പോസ്റ്റ്, ഇന്ത്യ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) എന്നിവയുടെ സഹകരണത്തോടെ ഇന്ത്യയിലേക്കുള്ള പുതിയ ക്രോസ്-ബോർഡർ പണമയയ്ക്കൽ സേവനത്തിനും തുടക്കമായി. NPCI International Payments Limited (NIPL) ന്റെ പിന്തുണയോടെ PosTransfer വഴി ഇന്ത്യയുടെ Unified Payments Interface (UPI) ഉപയോഗിക്കുന്ന സേവനം ഖത്തറിൽ നിന്ന് ഇന്ത്യയിലെ ഗുണഭോക്താക്കൾക്ക് പണം അയയ്ക്കുന്നതിനുള്ള പുതിയ സൗകര്യമാണ്.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ നിമിഷവും രാജ്യത്തിന്റെ ശ്രദ്ധേയമായ വളർച്ചയെ വിലയിരുത്താനുള്ള അവസരവുമാണെന്ന് സന്ദീപ് കുമാർ പറഞ്ഞു. 2047-ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ‘വികസിത് ഭാരത്’ ലക്ഷ്യത്തിലേക്കാണ് രാജ്യം മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത പോരാളികളെയും ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ നേതാക്കളെയും ഈ അവസരത്തിൽ ആദരപൂർവം സ്മരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ആഘോഷിക്കുന്നതിനും ലുലു ഹൈപ്പർമാർക്കറ്റ് നൽകിവരുന്ന പിന്തുണയെ സന്ദീപ് കുമാർ അഭിനന്ദിച്ചു. ഇത്തരം സംരംഭങ്ങൾ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യൻ സമൂഹത്തിന് തങ്ങളുടെ പൈതൃകവും മൂല്യങ്ങളും ഒരുമിച്ച് ആഘോഷിക്കാനുള്ള മികച്ച വേദിയൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 25 വർഷമായി ഇന്ത്യ ഉത്സവിന്റെ ഭാഗമാകുന്നതിൽ ലുലുവിന് ഏറെ സന്തോഷമുണ്ടെന്ന് ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. ഇന്ത്യ ഉത്സവ്, ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുടെ അവതരണം, വാർഷിക മാമ്പഴോത്സവം തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ ഖത്തറിനും ഇന്ത്യയ്ക്കുമിടയിലെ ഒരു പാലമായി പ്രവർത്തിക്കുന്നതിൽ ലുലു അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര ആവശ്യങ്ങൾക്കായി പ്രധാനമായും ഭക്ഷ്യോൽപ്പാദനം നടത്തിയിരുന്ന രാജ്യം എന്ന നിലയിൽ നിന്ന് ലോകത്തെ പ്രമുഖ ഭക്ഷ്യോൽപ്പാദക-കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ വളർന്നതായി ഡോ. അൽത്താഫ് പറഞ്ഞു. ആഗോള വിതരണശൃംഖലയിലെ വെല്ലുവിളികൾക്കിടയിലും ഖത്തറിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് പിന്തുണ നൽകുന്ന വിശ്വസനീയ പങ്കാളിയായി ഇന്ത്യ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വർഷത്തെ ഇന്ത്യ ഉത്സവിനായി ഇന്ത്യയിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഖത്തറിലെത്തിച്ചിട്ടുണ്ടെന്നും ഇരു രാജ്യങ്ങളുടെയും സർക്കാരുകളുടെ പിന്തുണയും സഹകരണവും അവശ്യ ഉൽപ്പന്നങ്ങളുടെ സുഗമമായ ലഭ്യതയ്ക്കും വിലസ്ഥിരതയ്ക്കും സഹായിക്കുന്നുണ്ടെന്നും ഡോ. അൽത്താഫ് പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഭക്ഷ്യ, സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.

‘ഇന്ത്യ ഉത്സവ് 2026’ ഓഗസ്റ്റ് 21 വരെ ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിൽ തുടരും.

Join on Rehaab Online WhatsApp Group (Click here to join the group)

Related News

Quick Links

© Rehaab Media Online. All Rights Reserved.