ദോഹ: ജിസിസിയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകളിലൊന്നായ നെസ്റ്റോ ഖത്തർ വിപണിയിൽ പ്രവേശിച്ചു. ദോഹയിലെ അൽ ഗറാഫയിൽ ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ലോകമെമ്പാടുമുള്ള നെസ്റ്റോയുടെ 152-ാമത്തെ സ്റ്റോറാണിത്. ഖത്തറിൽ എട്ട് ഔട്ട്‌ലെറ്റുകൾ കൂടി തുറക്കാനുള്ള വിപുലീകരണ പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു.
ഖത്തർ ചേംബർ ബോർഡ് അംഗം ചീഫ് പാട്രൺ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഒബൈദ്‌ലി, ഷെയ്ഖ് ഹമദ് ബിൻ താനി അൽ താനി, മാർക്കറ്റ്സ് ആൻഡ് സ്പെഷ്യലൈസ്ഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് മുബാറക് അൽ അമേരി എന്നിവർ ചേർന്നാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ കെ.പി. ബഷീർ, നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജമാൽ കെ.പി. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഫ്രഷ് ഉൽപ്പന്നങ്ങൾ, ഭക്ഷ്യ-ഗ്രോസറി സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വിപുലമായ ഉൽപ്പന്നശേഖരമാണ് അൽ ഗറാഫയിലെ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്. മത്സരാധിഷ്ഠിത വില, വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം എന്നിവയിലൂടെ ഖത്തറിലെ വൈവിധ്യമാർന്ന ഉപഭോക്തൃ സമൂഹത്തെ സേവിക്കുകയാണ് ലക്ഷ്യം.
ഖത്തർ നെസ്റ്റോയുടെ വളർച്ചാ യാത്രയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിപണിയായിരുന്നുവെന്ന് നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജമാൽ കുഞ്ഞിപ്പറമ്പത്ത് പറഞ്ഞു. 152-ാമത്തെ സ്റ്റോർ ഒരു പുതിയ മൈൽസ്റ്റോൺ മാത്രമല്ലെന്നും ഖത്തറിലെ ദീർഘകാല സാന്നിധ്യത്തിന്റെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണനിലവാരം, തിരഞ്ഞെടുക്കാനുള്ള വൈവിധ്യം, മികച്ച മൂല്യം എന്നിവയിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിൽ എട്ട് പുതിയ ഔട്ട്‌ലെറ്റുകൾ കൂടി നിലവിൽ പദ്ധതിയിലുണ്ടെന്ന് കമ്പനി അറിയിച്ചു. ഇതിലൂടെ രാജ്യത്തുടനീളം നെസ്റ്റോയുടെ റീട്ടെയിൽ സാന്നിധ്യം വിപുലമാകുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങളും പ്രാദേശിക റീട്ടെയിൽ മേഖലയിലെ പുതിയ പങ്കാളിത്തങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ വളർന്നുവരുന്ന റീട്ടെയിൽ മേഖലയ്ക്ക് കൂടുതൽ സംഭാവന നൽകുന്നതിനൊപ്പം കൂടുതൽ ഉൽപ്പന്നങ്ങളും മത്സരാധിഷ്ഠിത വിലകളും ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് നെസ്റ്റോ ലക്ഷ്യമിടുന്നത്.