ദോഹ: ഖത്തറിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആരോഗ്യ സ്ഥാപനമായ റിയാദ മെഡിക്കൽ സെന്റർ, ആഗോള ആരോഗ്യപരിപാലന രംഗത്തെ പ്രമുഖ ഗുണനിലവാര അംഗീകാരങ്ങളിലൊന്നായ ജോയിന്റ് കമ്മിഷൻ ഇന്റർനാഷണൽ (JCI) അക്രഡിറ്റേഷൻ വീണ്ടും നേടി.
രോഗികളുടെ സുരക്ഷ, മികച്ച ചികിത്സാ സേവനങ്ങൾ, ഗുണനിലവാരമുള്ള ആരോഗ്യപരിപാലനം എന്നിവ ഉറപ്പാക്കുന്നതിൽ റിയാദ മെഡിക്കൽ സെന്റർ പുലർത്തിവരുന്ന തുടർച്ചയായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്.
രോഗി പരിചരണം, രോഗി സുരക്ഷ, ക്ലിനിക്കൽ സേവനങ്ങളുടെ ഗുണനിലവാരം, നേതൃത്വവും ഭരണ സംവിധാനങ്ങളും, മെഡിക്കൽ റെക്കോർഡുകളുടെ പരിപാലനം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ജെ.സി.ഐ വിദഗ്ധ സംഘം വിശദമായി വിലയിരുത്തിയ ശേഷമാണ് അംഗീകാരം പുതുക്കി നൽകിയത്.
2023 മേയ് 25-ന് ആദ്യമായി ജെ.സി.ഐ അംഗീകാരം നേടിയ റിയാദ മെഡിക്കൽ സെന്റർ, തുടർന്ന് അന്താരാഷ്ട്ര ആരോഗ്യപരിപാലന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സേവനങ്ങൾ മെച്ചപ്പെടുത്തി വരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്ഥാപനം വീണ്ടും ജെ.സി.ഐ അംഗീകാരം സ്വന്തമാക്കിയത്.
നേട്ടത്തെക്കുറിച്ച് പ്രതികരിച്ച റിയാദ ഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ജംഷീർ ഹംസ പറഞ്ഞു: “ഞങ്ങളുടെ മുഴുവൻ ടീമിന്റെയും ആത്മാർത്ഥമായ പരിശ്രമത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ് ഈ അംഗീകാരം. മികച്ച ആരോഗ്യ സേവനങ്ങൾ തുടർന്നും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”
എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൾ കലാം പറഞ്ഞു: “രോഗി സുരക്ഷയ്ക്കും ക്ലിനിക്കൽ മികവിനും ഞങ്ങൾ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ അംഗീകാരം. അന്താരാഷ്ട്ര നിലവാരങ്ങൾ പാലിച്ചുകൊണ്ട് മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇതിലൂടെ വീണ്ടും ഉറപ്പിക്കപ്പെടുന്നു.”
ദോഹയിലെ സി-റിംഗ് റോഡിൽ പ്രവർത്തിക്കുന്ന റിയാദ മെഡിക്കൽ സെന്ററിൽ 18-ലധികം സ്പെഷ്യാലിറ്റികളിലായി 30-ലധികം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഒപ്റ്റിക്കൽ, ഫിസിയോതെറാപ്പി തുടങ്ങിയ സൗകര്യങ്ങളോടൊപ്പം സമഗ്രവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങളാണ് സ്ഥാപനം നൽകിവരുന്നത്.