മാവേലിയും മെഗാ ഓണസദ്യയും; സംസ്‌കൃതി ഖത്തറിന്റെ ഓണാഘോഷം ഗംഭീരമായി
മാവേലിയും മെഗാ ഓണസദ്യയും; സംസ്‌കൃതി ഖത്തറിന്റെ ഓണാഘോഷം ഗംഭീരമായി

ദോഹ: സംസ്‌കൃതി ഖത്തറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഓണോത്സവം 2026” അൽ മെഷാഫ് പോഡാർ പേൾ സ്കൂളിൽ ഗംഭീരമായി നടന്നു. കേരളീയ സംസ്കാരത്തിന്റെയും ഓണാഘോഷങ്ങളുടെയും തനിമ വിളിച്ചോതുന്ന വിവിധ കലാ-കായിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.


ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു. കേരള നിയമസഭ മുൻ സ്പീക്കർ എ. എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം ജയരാജ് വാര്യർ കലാപരിപാടികളുടെ അവതാരകനായി.


ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വിൻ കുമാർ, നോർക്ക റൂട്ട്‌സ് ഡയറക്ടർ സി. വി. റപ്പായി, ഐ.സി.സി പ്രസിഡന്റ് എ. പി. മണികണ്ഠൻ, കേരള പ്രവാസി ക്ഷേമനിധി മുൻ ഡയറക്ടർ ഇ. എം. സുധീർ, വനിതാവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ദോഹയിലെ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗങ്ങളിലെ പ്രമുഖരും ആഘോഷങ്ങളിൽ പങ്കെടുത്തു.


സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും ഓണാഘോഷ കമ്മിറ്റി കൺവീനർ യൂസഫ് പോവിൽ നന്ദിയും രേഖപ്പെടുത്തി. സംസ്‌കൃതി കുടുംബാംഗവും സ്റ്റാർ സിംഗർ വിജയിയുമായ യുവഗായിക ശിവപ്രിയ സുരേഷിന് ചടങ്ങിൽ സംസ്‌കൃതിയുടെ ഉപഹാരം എ. എൻ. ഷംസീർ കൈമാറി.


പുഴയിൽപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയ സംസ്‌കൃതി അംഗം പ്രജീഷ് നിടുംകുനിയെയും ചടങ്ങിൽ എ. എൻ. ഷംസീർ ആദരിച്ചു. സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃകയായ പ്രവർത്തനത്തിനുള്ള അംഗീകാരമായിരുന്നു ഇത്.


കേരളീയ സാംസ്‌കാരിക തനിമ നിറഞ്ഞ വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങളും ഓണോത്സവത്തിന്റെ ഭാഗമായി അരങ്ങേറി. ഓണപ്പൂക്കളം, മാവേലിവരവ്, തിരുവാതിര, സംഘനൃത്തങ്ങൾ, കനൽ മേളത്തിന്റെ പഞ്ചാരിമേളം, മംഗലംകളി തുടങ്ങിയ പരിപാടികൾ കാണികളുടെ ശ്രദ്ധ നേടി.


ഏകദേശം രണ്ടായിരത്തോളം പേർ പങ്കെടുത്ത മെഗാ ഓണസദ്യയും ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി. പരമ്പരാഗത ഓണവിഭവങ്ങളോടൊപ്പം പ്രവാസി സമൂഹത്തെ ഒരുമിപ്പിച്ച സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മെഗാ ഓണസദ്യ മാറി.


സംഗീത പ്രതിഭകളായ ജാനകിയമ്മയ്ക്കും എസ്. പി. ബാലസുബ്രഹ്മണ്യത്തിനും ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രത്യേക സംഗീത വിരുന്നും സംഘടിപ്പിച്ചു. പ്രവാസ ലോകത്തെ പ്രമുഖ ഗായിക-ഗായകർ പങ്കെടുത്ത സംഗീത വിരുന്നോടെ “ഓണോത്സവം 2026” കേരളീയ കലാ-സാംസ്‌കാരിക പൈതൃകത്തിന്റെ മനോഹരമായ ആഘോഷമായി സമാപിച്ചു.

 

Join on Rehaab Online WhatsApp Group (Click here to join the group)

Related News

Quick Links

© Rehaab Media Online. All Rights Reserved.