ദോഹ: ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പൊടിക്കാറ്റ് വീശിയടിച്ചു. കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഖത്തർ കാലാവസ്ഥാ വിഭാഗവും വിദ്യാഭ്യാസ മന്ത്രാലയവും കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പിനു പിന്നാലെയാണ് ഇന്ന് പുലർച്ചെയോടെ പൊടിക്കാറ്റ് ആരംഭിച്ചത്. ഖത്തറിലെ മോശം കാലാവസ്ഥയുടെ പ്രതിഫലനമായി വീശിയടിക്കുന്ന പൊടികാറ്റിൽ മുനകരുതലും ജാഗ്രതയും പാലിക്കണമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) മുന്നറിയിപ്പ് നൽകി.
പൊതുജന സുരക്ഷയുടെ താൽപ്പര്യാർത്ഥം പൊടിപടലങ്ങൾ ഉണ്ടാകാനുള്ള സാധ്യത സൂചിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനങ്ങൾ കണക്കിലെടുത്ത്, സ്കൂളുകൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരോട് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും, പുറത്തെ പ്രവർത്തനങ്ങൾ കുറയ്ക്കാനും, ആരോഗ്യ, സുരക്ഷാ ഭരണകൂടം ശുപാർശ ചെയ്യുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അറേബ്യൻ ഉപദ്വീപിൽ നിലവിൽ പൊടിക്കാറ്റുകൾ അനുഭവപ്പെടുന്നുണ്ടെന്നും വരും മണിക്കൂറുകളിൽ ഇത് രാജ്യത്തെ ശക്തമായി ബാധിക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ കണ്ണുകളെ സംരക്ഷിക്കുക, അസ്വസ്ഥത ഒഴിവാക്കാൻ സൺഗ്ലാസുകളോ സംരക്ഷണ കണ്ണടകളോ ധരിക്കുക, പുറത്തുപോകുന്നതിന് മുമ്പ് മാസ്ക് ധരിക്കുക, മാസ്ക് ഇല്ലെങ്കിൽ മൂക്കും വായയും മൂടാൻ വൃത്തിയുള്ള ഒരു ടിഷ്യു അല്ലെങ്കിൽ തുണി ഉപയോഗിക്കുക, സ്കൂളിൽ എത്തിയ ശേഷം വീടിനുള്ളിൽ തന്നെ തുടരുക, കണ്ണുകളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ കണ്ണുകൾ തിരുമ്മരുത്, തിരുമ്മുന്നതിന് പകരം ശുദ്ധമായ വെള്ളത്തിൽ കഴുകുക, ആസ്ത്മ അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം കാലാവസ്ഥയിൽ ഡോക്ടറുടെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ മന്ത്രാലയം അറീയിച്ചു.